മാർക്കണ്‌ഡേയപുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്. 13 അദ്ധ്യായങ്ങൾ വരുന്നതാണ് ഈ ശ്രേഷ്ഠകൃതി. നിഷ്ഠ ഉള്ളവർക്ക് ഒരേ ഇരുപ്പിൽ വായിച്ച് തീർക്കാവുന്ന ഈ ഗ്രന്ഥം ഒരു ദിവസം കൊണ്ട് പൂർണ്ണമായി പാരായണം ചെയ്ത് പൂർത്തിയാക്കണമെന്ന് ആചാര്യന്മാർ കല്പിക്കുന്നില്ല. 7 ദിവസങ്ങളിൽ (നവരാത്രികാലത്ത്) ആദ്യ ദിവസം ഒന്നാമദ്ധ്യായം, രണ്ടാം ദിവസം മൂന്ന് അദ്ധ്യായങ്ങൾ, മൂന്നാം ദിവസം ഒമ്പത് അദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പൂർത്തിയാക്കാം. ഇതിനെക്കാൾ ഉത്തമം ഏഴുദിവസം കൊണ്ട് പാരായണം പൂർത്തിയാക്കുന്നതാണ്. ഒന്നാം ദിവസം ഒന്നാമദ്ധ്യായം, രണ്ടാം ദിവസം രണ്ട് അദ്ധ്യായങ്ങൾ, മൂന്നാം നാൾ ഒരദ്ധ്യായം, നാലാം ദിവസം നാലദ്ധ്യായങ്ങൾ, അഞ്ചാം ദിവസം രണ്ടദ്ധ്യായങ്ങൾ, ആറാംദിവസം ഒരദ്ധ്യായം, ഏഴാം ദിവസം രണ്ടദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പാരായണം ചെയ്യുന്ന പദ്ധതിയാണിത്.
നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങൾ, കർക്കടകം ഒന്നു മുതൽ ഏഴുവരെ, ദീപാവലിയുടെ അഷ്ടമി മുതൽ ചതുർദ്ദശി വരെ, ധനുമാസത്തിൽ അശ്വതി മുതൽ ദേവിയുടെ ജന്മനക്ഷത്രമായ പുണർതം വരെ, വൃശ്ചികത്തിൽ ചതയം മുതൽ കാർത്തിക വരെ, കുംഭത്തിൽ രോഹിണി മുതൽ മകംവരെ – ഇങ്ങനെ വിശേഷാവസരങ്ങളിലെല്ലാം ഏഴുനാൾ പാരായണം ചെയ്താൽ സവിശേഷ ഫലം ലഭിക്കും. സാധാരണയായി ഞായർ മുതൽ ശനി വരെ ഏഴുദിവസങ്ങളിലായി പാരായണം ചെയ്യുന്ന രീതിയാണ് പ്രചാരം നേടിയിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീസ്തുതി നടത്താം എന്ന നേട്ടം കൂടി ഈ രീതിക്കുണ്ട്. കുടുംബത്തെ ബാധിച്ച കടുത്ത മാരണങ്ങൾ നീങ്ങാൻ 41 ആഴ്ച കൊണ്ട് 41 തവണ വായിച്ച് പൂർത്തിയാക്കുന്ന രീതിയുമുണ്ട്.
ദേവീ മഹാത്മ്യ പാരായണം ചെയ്യുന്നവർ ഗുരുവിനെ സമീപിച്ച് ദക്ഷിണ കൊടുത്ത് ഉപദേശം വാങ്ങി ചെയ്യുന്നതായിരിക്കും ഉത്തമം.