Uncategorised No Comments

വൈശാഖമാസത്തിന്റെ മാഹാത്മ്യം

ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം പ്രാധാന്യത്തോടെ ആചരിക്കുന്ന പുണ്യമാസമാണ് വൈശാഖമാസം. എല്ലാ ഈശ്വരാരാധനക്കും അതിശ്രേഷ്ഠമായ കാലമാണിത്. മാധവനായ വിഷ്ണുവിന് പ്രിയങ്കരമായതിനാല്‍ വൈശാഖത്തിനെ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവന്‍ ഭഗവാന്‍ ലക്ഷ്മീ ദേവീയോടൊപ്പം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.
ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ രണ്ടാം മാസമാണ് വൈശാഖം. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന, ചാന്ദ്രമാസങ്ങളിലെ ചൈത്രത്തിനു ശേഷം രണ്ടാമത്തെ മാസമാണ് വൈശാഖമാസം.

ഈ സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. വൈശാഖമാസത്തിലെ വിഷ്ണുഭജനം അതി ശ്രേഷ്ഠവും പാപഹരവും ഐശ്വര്യദായകവുമാണ് എന്ന വിശ്വാസമാണ് അതിന് കാരണം. വൈശാഖമാസം മുഴുവന്‍ ക്ഷേത്രത്തില്‍ ”ഭാഗവത സപ്താഹപാരായണം” നടത്തും. ഈ മാസം അനേകം വിഷ്ണു അവതാര ദിവസങ്ങള്‍ കൂടി കടന്നു വരുന്നുണ്ട്. വൈശാഖത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ തിഥി അക്ഷയതൃതീയ എന്നും ബലരാമ ജയന്തി എന്നും അറിയപ്പെടുന്നു. ആ ദിവസം ചെയ്യുന്ന സല്‍കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് വിശ്വാസം. പരശുരാമാവതാരവും വൈശാഖത്തില്‍ അക്ഷയതൃതീയ ദിവസം തന്നെയാണ്. വൈശാഖത്തിലെ ശുക്ലചതുര്‍ദ്ദശീദിവസമാണ് നരസിംഹജയന്തി. ഇങ്ങിനെ ഭഗവാൻ മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ അടുപ്പിച്ചു വരുന്നത് കൊണ്ട് മഹാവിഷ്ണുവിനെ ഉപാസിക്കുവാന്‍ ഏറ്റവും മികച്ച കാലമാണിതെന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. ഈ മാസത്തില്‍ സ്‌നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.

2023 ൽ ഏപ്രിൽ 21 മുതൽ മെയ് 21 വരെയാണ് വൈശാഖമാസം. സ്‌കന്ദപുരാണം അനുസരിച്ച് വളരെ വിശേഷപ്പെട്ട മാസമാണിത്. വൈശാഖമാസം മുഴുവന്‍ വിഷ്ണുഭഗവാനായി മാറ്റിവെച്ചാല്‍ സര്‍വൈശ്വര്യങ്ങളും ലഭിക്കും . ഇങ്ങനെ ആരാധന നടത്തുന്നത് പൂര്‍ണവിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടിയായിരിക്കണം. ഈ മാസത്തില്‍ സൂര്യോദയത്തിനു മുന്‍പ് കുളിക്കുന്നവര്‍ക്ക് പാപവിമോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. വൈശാഖമാസം മുഴുവന്‍ വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു വര്‍ഷം മുഴുവന്‍ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കും.
വൈശാഖത്തിലെ സ്‌നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകള്‍ പദ്മ-സ്‌കന്ദ പുരാണങ്ങളില്‍ കാണാനാവും. വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രഭാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു എന്ന് പദ്മ പുരാണവും സ്‌കന്ദ പുരാണവും പറയുന്നു.

ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്. ഈ ദിവസം ദാഹിക്കുന്ന ഒരു ജീവന് ജലം നല്‍കുന്നത് രാജസൂയ യാഗത്തെക്കാള്‍ ഗുണം ചെയ്യുമെന്നും ഈ ദിവസം പുലര്‍ച്ചെ ഗംഗ, നര്‍മദ തുടങ്ങിയ പുണ്യ നദികളില്‍ സ്നാനം ചെയ്ത് ഹോമം, ഉപവാസം, ആരാധന എന്നിവ നടത്തുന്നത് വഴി വിഷ്ണു ഭഗവാന്‍ അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതു പോലെ തന്നെ യാത്ര ചെയ്തു വലഞ്ഞു വരുന്നവര്‍ക്ക് വിശ്രമിക്കുവാന്‍ വഴിയമ്പലങ്ങളും, തണ്ണീര്‍ പന്തലുകളും നിര്‍മ്മിച്ച് നല്‍കുകയും ജലം ദാനം ചെയ്യുന്നതും യാത്രികര്‍ക്ക് ഛത്രം(കുട), പാദുകം(ചെരിപ്പ്), വ്യജനം(വിശറി), അന്നം(ആഹാരം), പര്യങ്കം(കിടക്ക), കംബളം(പുതപ്പ്), തണുപ്പു നല്‍കുന്ന കര്‍പ്പൂരം, ചന്ദനം, ഗോരോചനം, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ദാനം ചെയ്യുന്നതും പുണ്യമായി കരുതപ്പെടുന്നു. ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം വരുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് ജല,ഛത്ര,പാദുക, വ്യജന, അന്ന ദാനങ്ങള്‍ തന്നെയാണ്. അതുമായി ബന്ധപ്പെട്ടാണ് വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരി ക്കുന്നത്. പണ്ട് തണ്ണീര്‍ പന്തല്‍ സ്ഥാപിച്ച് സംഭാര വിതരണവും നടത്താറുണ്ടായിരുന്നു.

വൈശാഖമാഹാത്മ്യത്തെപറ്റി സ്‌കന്ദപുരാണം, പത്മപുരാണം എന്നിവയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്‌കന്ദ പുരാണത്തിലെ വൈശാഖമാഹാത്മ്യം കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തില്‍ ലഭ്യമാണ്. ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തില്‍ മുപ്പത് ദിവസങ്ങള്‍ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂര്‍ണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി. ഭാഗവത പാരായണം, സപ്താഹം, വിഷ്ണു പുരാണ പാരായണം, നിള, പെരിയാര്‍, പമ്പ തുടങ്ങിയ നദികളിലും പുണ്യതീര്‍ത്ഥങ്ങളിലും സ്‌നാനം, ശ്രാദ്ധം, തര്‍പ്പണം തുടങ്ങിയവ അനുഷ്ഠിക്കല്‍ എന്നിവയും വൈശാഖമാസത്തില്‍ നടത്താം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മദ്ധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളിലേക്ക് പഞ്ച ദിവ്യ ദേശദര്‍ശന്‍ എന്ന തീര്‍ത്ഥാടന പരിപാടി വൈശാഖമാസത്തില്‍ നടത്താറുണ്ട്. തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം യുധിഷ്ഠിരനും, തൃപ്പുലിയൂര്‍ ഭീമനും, തിരുവാറന്മുള അര്‍ജുനും, തിരുവന്‍വണ്ടൂര്‍ നകുലനും, തൃക്കൊടിത്താനം സഹദേവനും പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കുന്നു. കുന്തീ ദേവി പ്രതിഷ്ഠിച്ച മുതുകുളം പാണ്ഡവർ കാവ് ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഒരേ ദിവസംഈപഞ്ച പാണ്ഡവ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു.

വൈശാഖമാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് പൗര്‍ണ്ണമി ദിനം. വൈശാഖ പൂര്‍ണ്ണിമ എന്ന ഈ ദിവസം പ്രാര്‍ത്ഥന നടത്തുന്നതും ഉപവസിക്കുന്നതും പാപവിമുക്തി നല്‍കുമെന്നാണ് വിശ്വാസം. വൈശാഖ പൂര്‍ണ്ണിമ ലോകമാകെ അറിയപ്പെടുന്നത് ബുദ്ധപൂര്‍ണ്ണിമ എന്നാണ്.

 

For more information visit : https://www.kerala-astrologer.com/

or call : +91 9447141666

Leave a Reply

Your email address will not be published.

9 − two =

n  Online Consulting  Send us a message