സന്ധ്യാസമയത്തിന് ജീവിതത്തില്‍ വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.
സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള്‍ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില്‍ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കരുത്. പൂക്കള്‍ പാറിക്കരുത്. സന്ധ്യയായാല്‍ ചെടികള്‍ നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു.
ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.
സന്ധ്യാദീപം
സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്കു കൊളുത്തി വയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.
സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. അതിനുശേഷം തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് “ദീപം” എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ.