മനുഷ്യനായാലും ഏതു ജീവ ജാലങ്ങൾക്കായാലും താമസയോഗ്യമായ ഒരിടത്തു ജീവിക്കുക എന്നത് നിലനിൽപ്പിന്റെ തന്നെ ഭാഗമായ, ഏറ്റവും അനിവാര്യമായ ഒരു കാര്യമാണ്. താമസയോഗ്യമായ ഭവനം എന്നാൽ അത്, ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനു സന്തോഷവും മനസുഖവും പ്രദാനം ചെയ്യുന്ന, ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്ന ഒരിടമാവണം.
ഇങ്ങനെ മനുഷ്യജീവിതത്തെ പിന്തുണയ്ക്കുകയും പ്രകൃതോയോടിണങ്ങി ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നതിൽ വാസ്തുശാസ്ത്രം വഹിക്കുന്ന പങ്കു ചെറുതല്ല. ഭാരതീയ വാസ്തുശാസ്ത്രമെന്നത് കൃത്യമായ അടിസ്ഥാനവും വസ്തുനിഷ്ഠമായ പ്രയോഗികതയും അവകാശപ്പെടാനുള്ള പുരാതനമായ ഒരു ശാസ്ത്രശാഖയാണ്. വാസ്തുശാസ്ത്രത്തിനു വിലകൽപ്പിക്കാതെ അനുകൂലമല്ലാത്ത ഗൃഹനിർമാണ മാതൃകകൾ സ്വീകരിച്ചു നിർമിച്ചിട്ടുള്ള പല ഭവനങ്ങളിലും അതിന്റേതായ ദോഷഫലങ്ങൾ ഭാവിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ആധുനിക കാലഘട്ടത്തിലും വാസ്തുവിന്റെ പ്രാധാന്യവും ആവശ്യകതയും ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ പാരമ്പരാഗത ഗൃഹനിർമാണരീതികൾ ഇപ്പോഴും പിന്തുടരാൻ ശ്രമിക്കുന്ന പുതുതലമുറക്കാരും ഉണ്ട് എന്നത് ഏറെ പ്രത്യാശാവഹമായ ഒന്നാണ്. വാസ്തുവിന്റെ അന്തസത്ത പൂർണമായി മനസ്സിലാക്കി ഗൃഹനിർമാണ മേഖലയിൽ അവ വേണ്ടവിധത്തിൽ പ്രയോഗിക്കാൻ കഴിവുള്ള പ്രഗത്ഭരുടെ എണ്ണം ചുരുക്കമാണ്. എങ്കിലും വാസ്തുവിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അതിലൊന്നാണ് വാസ്തുവിന് മനുഷ്യ ശരീരവുമായുള്ള ബന്ധം.
വാസ്തുവും മനുഷ്യശരീരവും
വാസ്തുവിന്റെ അടിസ്ഥാനം മനുഷ്യശരീരഘടനയാണ്. മനുഷ്യ ശരീരം കൃത്യമായ ശാസ്ത്ര വിധിപ്രകാരം നിർമിതമായതാണ്. കാലാവസ്ഥ വ്യതിയാനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു ഭൂമിയിൽ നിലനിൽക്കാനാവശ്യമായ ഉചിതമായ ഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്. നമ്മുടെ ശരീര ഭാഗങ്ങൾക്ക് സാഹചര്യങ്ങൾ മൂലം വന്നു ചേരുന്ന ചില കേടുപാടുകൾ പോലും നമുക്കു പരിഹരിക്കാനാവുന്നത് മനുഷ്യ സൃഷ്ടിയിൽ ശാസ്ത്രീയതയ്ക്കുള്ള സ്വാധീനം ഒന്നുകൊണ്ടു മാത്രമാണ്.
നമ്മുടെ ഗൃഹവും നമ്മുടെ ശരീരവും ഒരേ ഘടനാ സവിശേഷതകളാൽ നിർമിതമാണ്. ശാസ്ത്രവിധിപ്രകാരമുള്ള ഗൃഹങ്ങളും നമ്മുടെ ശരീരമെന്ന പോലെ പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കും. അല്ലാത്തവ കലക്രമേണ നാശത്തിലേക്കു നീങ്ങും. ദോഷങ്ങൾ ഗൃഹത്തിനാണെങ്കിലും അത് ബാധിക്കുന്നത് അവിടെ വസിക്കുന്ന മനുഷ്യനെ തന്നെയാണ്. ആരോഗ്യം, ആയുസ്സ്, സമ്പത്ത്, സന്തോഷം, സന്താന സൗഭാഗ്യം, സുഖസൗകര്യങ്ങൾ, മനസമാധാനം എന്നിങ്ങനെ ഒരു മനുഷ്യയുസ്സിൽ ആഗ്രഹിക്കുന്ന സകല നന്മകളും കൊണ്ടുത്തരാൻ പ്രാപ്തിയുള്ള ഒന്നാണ് നമ്മുടെ ഭവനം. ഇതൊന്നും നേരിട്ട് നമ്മുടെ ഗൃഹം തരുന്നു എന്നല്ല മറിച്ചു ഇതിനൊക്കെയുള്ള യോഗം യഥാവിധി നമ്മളിലേക്കെത്താനുള്ള സാഹചര്യം ഒരുക്കാൻ നമ്മൾ വസിക്കുന്ന ഇടത്തിനാവും. ഇതുപോലെ തന്നെയാണ് മുൻപ് പറഞ്ഞ ദോഷഫലങ്ങളുടെ കാര്യവും, ശാസ്ത്ര വിധിക്കെതിരായ പഞ്ചഭൂതങ്ങൾക്കെതിരായ, ഗൃഹാനിർമാണം സർവനാശത്തിലേക്കുള്ള വഴിവെട്ടുന്നതിനു തുല്യമാണ്. വാസ്തുശാസ്ത്രം പഞ്ചഭൂതങ്ങളെ ആശ്രയിച്ചാണുള്ളത്.
ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. എല്ലാ ശാസ്ത്രങ്ങളുടെയും ആധാരവും ഇവ തന്നെ. പ്രകൃതിയിലെ ഊർജകേന്ദ്രളാണിവ. മനുഷ്യ ശരീരത്തിനെന്നതുപോലെ മനുഷ്യഗൃഹത്തിനും എല്ലാ ഊർജവും നൽകിക്കൊണ്ട് പ്രകൃതിയോട് ചേർന്ന് നിലനിൽക്കാനുള്ള സാഹചര്യം ലഭിക്കേണ്ടതു അനിവാര്യമാണ്. ഒരു ഗൃഹത്തിൽ യഥാവിധി പ്രവേശിക്കുന്ന ഈ ഊർജം തന്നെയാണ് അവിടെ വസിക്കുന്നവരിലേക്കും, അവരുടെ സന്തോഷത്തിലേക്കും പുരോഗതിയിലേക്കും ഒക്കെ നയിക്കുന്നത്. അതുകൊണ്ട് മനുഷ്യശരീരം പോലെത്തന്നെ ഏറെ ശ്രദ്ധയും പരിചരണവും നമ്മുടെ ഗൃഹങ്ങളും അർഹിക്കുന്നു, അത് വസ്തുശാസ്ത്ര പ്രകാരം ഗൃഹനിർമാണംതുടങ്ങുന്നതിനു മുൻപ്, തന്നെ അതായതു, അതിനു വേണ്ടിയുള്ള ഭൂമി തിരഞ്ഞെടുക്കൽ മുതൽ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു.