പൊതുവെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ ജാതകം നോക്കുമ്പോൾ രക്ഷിതാക്കളുടെ ഒരു ചോദ്യമുണ്ട്, ഏതു തൊഴിലായിരിക്കും? ഡോക്ടറാവാൻ യോഗമുണ്ടോ? അങ്ങനെ നീളും ചോദ്യങ്ങൾ.
ജാതകത്തിൽ പത്താം ഭാവത്തെ കൊണ്ടാണ് ഒരാളുടെ തൊഴിൽ ചിന്തിക്കുന്നത്, ലഗ്നാലും, ചന്ദ്രാലും, സൂര്യാലും. പത്താം ഭാവാധിപൻ അംശകിച്ച രാശ്യാധിപൻ്റെ തൊഴിലാണ് ചെയ്യുക. അതിൽ പ്രബല ഗ്രഹത്തിൻ്റെ തൊഴിലിലായിരിക്കും ശോഭിക്കുക. മെഡിക്കൽ സംബന്ധമായ തൊഴിൽ സൂര്യനെക്കൊണ്ടാണ് സൂചിപ്പിക്കേണ്ടത്. അംശകനാഥൻ സൂര്യനും, സൂര്യൻ ബലവാനും ആണെങ്കിൽ മെഡിക്കൽ സംബന്ധമായ തൊഴിൽ ആയിരിക്കും.
കൂടാതെ ധനു രാശിയിൽ സൂര്യൻ സ്ഥിതി ചെയ്യുന്നതും ഡോക്ടറാവാനുള്ള യോഗത്തെ സൂചിപ്പിക്കുന്നു. കൂടാതെ പത്താം ഭാവത്തിൽ രാഹുവിൻ്റെ സ്ഥിതിയും ഇതിനുള്ള യോഗമായി കാണുന്നുണ്ട്.
കർമ്മാധിപതി അനിഷ്ടസ്ഥിതനായാൽ തൊഴിലിൽ മനഃസംതൃപ്തി ഉണ്ടാവുകയില്ല. അതേ ഗ്രഹം ബലവാനല്ലെങ്കിൽ ഒരു തൊഴിലിലും എത്ര അധ്വാനിച്ചാലും വിജയിക്കാൻ പറ്റുന്നതല്ല. കൂടാതെ പാപ ഗ്രഹയോഗവും ദൃഷ്ടിയും കൂടിയുണ്ടെങ്കിൽ തൊഴിൽ ലഭിക്കുന്നതിനും പ്രയാസം നേരിടും.
ജാതകം പരിശോധിച്ച് ഗ്രഹബലം കുറവെങ്കിൽ പ്രായശ്ചിത്തങ്ങളും പരിഹാരങ്ങളും ചെയ്തുകൊണ്ടാൽ ഒരു പരിധിവരെ ദോഷം കുറയ്ക്കാവുന്നതാണ്.
കർമ്മ വിജയത്തിന് രാജഗോപാല മന്ത്രം കൊണ്ട് ഹവനം നടത്തുന്നതും ദേഹരക്ഷ രാജഗോപാലം ചെയ്യുന്നതും ഗുണദായകമാണ്.