ജാതകത്തിൽ പൂർവജന്മ സർപ്പ ദുരിതങ്ങൾ സന്താന ദുരിതങ്ങളായി ഭവിക്കുന്നു. ജാതകത്തിലെ അഞ്ചാം ഭാവത്തിൽ രാഹുവിൻ്റെ സ്ഥിതി അഞ്ചാം ഭാവധിപനോട് ചേർന്ന് രാഹു സ്ഥിതിചെയ്യുന്നതും സന്താന പ്രതിബന്ധമാണ്. ഇങ്ങനെയുള്ള ജാതകമാണെങ്കിൽ തീർച്ചയായും സന്താനദുഃഖം അനുഭവിക്കാൻ ഇടവരും. പലതരത്തിലുള്ള വിഷമാവസ്ഥകളാണ് കണ്ടുവരാറുള്ളത്. ഗർഭം അലസിപ്പോവുക, ദീർഘകാലം സന്താനം ഉണ്ടാവാതിരിക്കുക, അഥവാ ഉണ്ടായാലും കുട്ടികളെ സംബന്ധിച്ച ദുഃഖങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുക എന്നിവയാണവ.
മറ്റനേകം ദോഷങ്ങൾ സന്താനദുഃഖത്തിനു കാരണമാകുമെങ്കിലും സർപ്പദോഷം കഠിനമായി അനുഭവിച്ചുവരുന്നത് കാണാറുണ്ട്. രാഹുവിന്റെ നക്ഷത്രങ്ങളായ തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങളിൽ കുട്ടികൾ ജനിക്കുകയും മേൽപ്പറഞ്ഞദോഷം ജാതകത്തിൽ ഉണ്ടായിരിക്കുകയും ചെയ്താൽ ആ കുട്ടിക്ക് ആയുർദോഷം കൂടി സംഭവിക്കാനിടയുണ്ട്. വിവാഹത്തിന് മുൻപുതന്നെ ജാതകം പരിശോധിപ്പിച്ചു വിധിവത്തായ പ്രായശ്ചിത്തങ്ങൾ ചെയ്താൽ സന്താനദോഷം ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുന്നതാണ്. പരിഹാരാധികൾ ചെയ്യുമ്പോൾ വിവാഹത്തിനുശേഷം മാത്രമേ ചെയ്യാവൂ. അതുപോലെതന്നെ കുടുംബപരമായി ആചരിച്ചുവരുന്ന സർപ്പങ്ങളുടെ ദോഷവും സന്താന ദുരിതങ്ങൾക്ക് കാരണമാവും. അതും സന്താന ദുഃഖവും, ത്വക്കു രോഗ പീഡയും, നേത്ര പാദ രോഗങ്ങളും കുടുംബികൾക്ക് അനുഭവിക്കാൻ ഇടയുണ്ടാകും.
സർപ്പഹിംസാദുരിതം, സർപ്പാക്കാവിലെ വൃക്ഷങ്ങൾ മുറിക്കുക, അവിടം കിളക്കുക, പുറ്റ് ഉടക്കുക, മുട്ട നശിപ്പിക്കുക, എന്നിവയും സർപ്പ ദുരിതങ്ങൾക്ക് ഇടവരുത്തും.
മേൽക്കാണുന്ന ദോഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നല്ല ജ്യോതിഷയെക്കണ്ടു യുക്തമായ പ്രായശ്ചിത്തങ്ങളും പരിഹാരങ്ങളും മനസ്സിലാക്കി പരിഹരിച്ചാൽ സന്താനാഭി വൃദ്ധിയും ആരോഗ്യവും അനുഭവിക്കാനാകും.